പട്ടിണി പക്ഷെ കോടീശ്വരന്മാർ 7850

ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം 7850. അവരുടെ മൊത്തം സ്വത്ത് 935 ബില്യൺ ഡോളർ. അതായത് 93500കോടി ഡോളർ. എന്നു പറഞ്ഞാൽ 59148100000000 രൂപ.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ പകുതി.
ഇന്ത്യ കടുത്ത സാമ്പത്തിക പ്റതിസന്ധിയിലാണെങ്കിലും പണക്കാർ ദിനംപ്റതി കൂടുതൽ പണക്കാരാകുകയാണെന്നാണ് പഠന റിപ്പോർട്ട്.

ഇപ്പോൾ സൂപ്പർ റിച്ച് ക്ലബ്ബിലുള്ളത് 7850 പേരാണ്. ഈ വർഷം ഈ പട്ടികയിൽ കയറിപ്പറ്റിയത് 120 പേർ. 2013ലെ വേൾഡ് വെൽത്ത് റിപ്പോർട്ടിലാണിക്കാര്യം. കുറഞ്ഞത് ആയിരം കോടി ഡോളറെങ്കിലും ഉള്ളവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പണം, ഓഹരി, സ്വകാര്യ നിക്ഷേപങ്ങൾ,താമസസ്ഥലം, ബിസിനസ് ആവശ്യത്തിനുള്ള ഭൂമി, വിലയേറിയ കൗതുക വസ്തുക്കൾ, വിമാനം, പായ്ക്കപ്പൽ, കാറുകൾ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കോടീശ്വരന്മാരെ നിർണ്ണയിച്ചിരിക്കുന്നത്. കോടീശ്വരന്മാർ കൂടുതലും ഡൽഹി, മുംബയ് നഗരങ്ങളിലാണ്.

മറ്റുള്ളവർ ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ഗുഡ്ഗാവ്, ജെയ്പ്പൂർ എന്നിവിടങ്ങളിലാണ്.
ലോകത്തേറ്റവും കൂടുതൽ കോടീശ്വരികളും ഇന്ത്യയിലാണ്, 1250 പേർ. അവരുടെ മൊത്തം സ്വത്ത് 9500 കോടി ഡോളർ.

ഭക്ഷ്യ സുരക്ഷയുടെ പേരിൽ ജനങ്ങളോടൊരു യുദ്ധം.

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയത്.  യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബില്‍ പരിഗണിക്കുന്ന വേളയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

ചില്ലറക്കച്ചവടം കുത്തകയാക്കുന്ന വന്‍കിട മാളുകള്‍ക്കും അവയ്ക്കുപിന്നിലെ കോര്‍പറേറ്റുകള്‍ക്കും വേണ്ടി ചെറുകിട വ്യാപാരികളെ കുരുതികൊടുക്കുന്നവര്‍, ജനങ്ങള്‍ക്ക് ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ്; സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിലെ ഇടപെടലിന് വിലങ്ങുവയ്ക്കുകയാണ്്. ഇതിനെ ജനദ്രോഹമെന്നല്ല- ജനങ്ങളോടുള്ള യുദ്ധം എന്നാണ് വിളിക്കേണ്ടത്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് വാദിക്കുന്നവര്‍, പിന്നെ എന്താണ് സര്‍ക്കാരിന്റെ പണി എന്നുകൂടി വ്യക്തമാക്കേണ്ടിവരും.

കേരളത്തില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കേരളത്തിന്റെ ദേശീയ ഉത്സവമായി കണക്കാക്കുന്ന ഓണക്കാലമായിട്ടുകൂടി വിലക്കയറ്റം മുമ്പൊരിക്കലുമില്ലാതെ കുതിച്ചുയരുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനമാകെ അട്ടിമറിക്കാന്‍കൂടി ഉത്തരവിറക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശക്തമായി വിപണിയില്‍ ഇടപെടുന്ന കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇനി ഇടപെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉത്സവ സീസണില്‍മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയത്രെ. ഇതിനര്‍ഥം സ്വകാര്യലോബികള്‍ ജനങ്ങളെ ആവുന്നത്ര കൊള്ളയടിച്ചോട്ടെ എന്നാണ്. അതല്ല, സീസണുകളില്‍മാത്രം വില കുറഞ്ഞാല്‍ മതിയെന്നാണോ?