ഭക്ഷ്യ സുരക്ഷയുടെ പേരിൽ ജനങ്ങളോടൊരു യുദ്ധം.

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയത്.  യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബില്‍ പരിഗണിക്കുന്ന വേളയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

ചില്ലറക്കച്ചവടം കുത്തകയാക്കുന്ന വന്‍കിട മാളുകള്‍ക്കും അവയ്ക്കുപിന്നിലെ കോര്‍പറേറ്റുകള്‍ക്കും വേണ്ടി ചെറുകിട വ്യാപാരികളെ കുരുതികൊടുക്കുന്നവര്‍, ജനങ്ങള്‍ക്ക് ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ്; സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിലെ ഇടപെടലിന് വിലങ്ങുവയ്ക്കുകയാണ്്. ഇതിനെ ജനദ്രോഹമെന്നല്ല- ജനങ്ങളോടുള്ള യുദ്ധം എന്നാണ് വിളിക്കേണ്ടത്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് വാദിക്കുന്നവര്‍, പിന്നെ എന്താണ് സര്‍ക്കാരിന്റെ പണി എന്നുകൂടി വ്യക്തമാക്കേണ്ടിവരും.

കേരളത്തില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കേരളത്തിന്റെ ദേശീയ ഉത്സവമായി കണക്കാക്കുന്ന ഓണക്കാലമായിട്ടുകൂടി വിലക്കയറ്റം മുമ്പൊരിക്കലുമില്ലാതെ കുതിച്ചുയരുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനമാകെ അട്ടിമറിക്കാന്‍കൂടി ഉത്തരവിറക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശക്തമായി വിപണിയില്‍ ഇടപെടുന്ന കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇനി ഇടപെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉത്സവ സീസണില്‍മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയത്രെ. ഇതിനര്‍ഥം സ്വകാര്യലോബികള്‍ ജനങ്ങളെ ആവുന്നത്ര കൊള്ളയടിച്ചോട്ടെ എന്നാണ്. അതല്ല, സീസണുകളില്‍മാത്രം വില കുറഞ്ഞാല്‍ മതിയെന്നാണോ?

No comments:

Post a Comment