ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

മൗനം പലതരമുണ്ട്. നാണം കൊണ്ടൊരു മൗനം. സങ്കടം കൊണ്ടൊരു മൗനം. ദേഷ്യം കൊണ്ടൊരു മൗനം. പ്രണയം കൊണ്ടൊരു മൗനം. നഖം കടിക്കുക, മുഖം കുനിക്കുക എന്നീ ക്രിയകള്‍ മൗനാണത്തില്‍ പെട്ടതാണ്. പാട്ടെഴുത്തുകാര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ മൗനം. ഒരു കൊച്ചു നാണം കൊതിക്കാത്തതായി ആരുണ്ട് ഈ ഭൂമിയില്‍?

ഈ അടവ് നന്നായി അറിയാവുന്ന ഒരാള്‍ നമുക്കുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശ്ശബ്ദത സംഗീതമാണെങ്കില്‍ മന്‍മോഹന്‍ സിങ് 
സംഗീതസാഗരമാണ്. ശബ്ദങ്ങളുടെ ലോകത്തെ വേറിട്ട സഞ്ചാരി. സൗന്ദര്യത്തിന്റെ ഭാഷയും നിശ്ശബ്ദമാണ്. മൗനമായ സംവേദനങ്ങള്‍. ഏകാന്തതയുടെ അനുഭവസാന്ദ്രത. സ്വപ്നസന്നിഭമായ നിശ്ശബ്ദത. ശബ്ദംകൊണ്ട് ഭംഗം വരുത്തരുത് ആ ധ്യാനിമീലിത.

അടിച്ചമര്‍ത്തപ്പെടുന്ന ദരിദ്രകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. പീഡിപ്പിക്കപ്പെടുന്ന ജനകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. എല്ലാം നഷ്ടപ്പെട്ടാലും ഒടുവില്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഈ വായെങ്കിലും ബാക്കിയുണ്ടാവുമല്ലോ.

ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

സാരമില്ല. ഞങ്ങള്‍ സഹിച്ചു. കോടികള്‍ കോടികള്‍ കൊണ്ടുപോവുന്നത്? സാരമില്ല. ഞങ്ങള്‍ സഹിച്ചു. അങ്ങ് വായ തുറക്കുന്നത് മാത്രം കാണാന്‍ ഞങ്ങള്‍ക്ക് കരുത്തില്ല. നിസ്സംഗനായ ഒരാളുടെ വീട്ടില്‍ കള്ളന്‍ കയറിയ കഥ കേട്ടിട്ടുണ്ട്. കള്ളന്‍ കയറിയത് വീട്ടുകാരന്‍ അറിഞ്ഞു. അയാള്‍ എഴുന്നേറ്റ് ടോര്‍ച്ചടിച്ചപ്പോള്‍ കള്ളന്‍ സാധനങ്ങളൊക്കെ എടുത്ത് പോവുകയാണ്. വീട്ടുകാരന്‍ കള്ളനെ തിരിച്ചറിഞ്ഞു. പക്ഷെ അയാള്‍ കള്ളനോട് പറഞ്ഞത്രെ.

" മിസ്റ്റര്‍ കള്ളന്‍, നിങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞില്ല എന്ന് കരുതരുത്. മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുമെന്നുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.."

അരുത്, അത്രപോലും പറയരുത് പ്രധാനമന്ത്രീ.... ഒരക്ഷരം സംസാരിക്കരുത്. വാചകം വഞ്ചനയാണ്. നിശ്ശബ്ദതയാണ് സൗന്ദര്യം.